Friday, April 5, 2013



FROM......http://www.mathrubhumi.com/story.php?id=351799



ബ്രഹ്മപുത്രയ്ക്ക് മുകളില്‍ ചൈനയുടെ അണക്കെട്ടുകള്‍

Published on  04 Apr 2013

കെ ശ്രീജിത്ത്‌



ബ്രഹ്മപുത്രയുടെ മധ്യഭാഗത്തായി മൂന്ന് പുതിയ ഹൈഡ്രോപവര്‍ അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള ചൈനയുടെ തീരുമാനം കഴിഞ്ഞദിവസം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാവിഷയമായി. ചൈന ഈ തീരുമാനം നേരത്തെ എടുത്തതാണെങ്കിലും.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഡര്‍ബനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ചൈനീസ് പ്രസിഡന്റ് സി ജിന്‍പെങും കൂടിക്കാഴ്ച നടത്തിയപ്പോള്‍ ബ്രഹ്മപുത്രയെക്കുറിച്ച് ചര്‍ച്ച ചെയ്തതാണ് വിഷയം വീണ്ടും സജീവമാക്കിയത്. അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചപ്പോള്‍ തന്നെ ഇന്ത്യയില്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരന്നിരുന്നു. എന്നാല്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ നടത്തിയ കൂടിക്കാഴ്ചയിലെടുത്ത തീരുമാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് തല്ക്കാലത്തേക്കെങ്കിലും ആശ്വാസകരമാണ്. ഇരുരാജ്യങ്ങളിലൂടെയുമുള്ള ബ്രഹ്മപുത്രയുടെ ഒഴുക്കിനെ നിരീക്ഷിക്കുന്നതിന് നയതന്ത്രതലത്തില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഒരു പ്രവര്‍ത്തന പദ്ധതിയ്ക്ക് രൂപം കൊടുക്കാനാണ് ഇരുനേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുള്ളത്.

വലുതും ഒട്ടേറെ ജനസാന്ദ്രവുമായ വടക്കുകിഴക്കന്‍ മേഖല വെള്ളത്തിനായി പൂര്‍ണമായും ബ്രഹ്മപുത്രയെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍തന്നെ ഇന്ത്യയുടെ ആശങ്കകള്‍ സ്വാഭാവികമാണ്. ബ്രഹ്മപുത്രയെ അതിന്റെ ഉയര്‍ന്ന തടങ്ങളില്‍ നിന്നു തന്നെ വഴിതിരിച്ചു വിടാനുള്ള ചൈനയുടെ ശ്രമത്തെ നദീജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണ് ഇന്ത്യയില്‍ പല വിദഗ്ധരും വിലയിരുത്തിയത്. ഈ അണക്കെട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബ്രഹ്മപുത്രയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയുടെ വരുതിയിലാകുമെന്നും ഈ വിദഗ്ധര്‍ വിലയിരുത്തുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയുടെ ആത്മാവ് ബ്രഹ്മപുത്രയാണെന്നിരിക്കെ ഇത് അവിടുത്തെ ജനജീവിതത്തെയും പരിസ്ഥിതിയെയും നിര്‍ണായകമായി ബാധിക്കുന്ന ഘടകമാണ്.



ഇതാദ്യമായല്ല ബ്രഹ്മപുത്രയിലെ പദ്ധതികളെചൊല്ലി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷമുണ്ടാകുന്നത്. ബ്രഹ്മപുത്രയില്‍ നിര്‍മിക്കുന്ന ഏത് അണക്കെട്ടും ഇന്ത്യയിലേയ്ക്കുള്ള അതിന്റെ ഒഴുക്കിനെ ബാധിക്കും എന്നതാണ് കാലങ്ങളായി ഇന്ത്യയുടെ നിലപാട്. ചൈനയുടെ ടിബറ്റ് സ്വയംഭരണാവകാശ മേഖലയ്ക്കുള്ളിലൂടെ 1,625 കിലോമീറ്ററോളമാണ് ബ്രഹ്മപുത്ര ഒഴുകുന്നത്. ഇന്ത്യയ്ക്കുള്ളില്‍ ബ്രഹ്മപുത്രയുടെ ഒഴുക്ക് 918 കിലോമീറ്ററാണ്. ബ്രഹ്മപുത്രയ്ക്കുമേല്‍ അണക്കെട്ടുകള്‍ പണിയാനുള്ള ചൈനയുടെ നീക്കം പരിസ്ഥിതി അസന്തുലിതാവസ്ഥ, പ്രകൃതി ദുരന്തങ്ങള്‍, പ്രധാനപ്പെട്ട ജലസ്രോതസ്സുകളുടെ നാശം എന്നിവയ്ക്ക് കാരണമാകുമെന്ന് ഇന്ത്യ ഭയക്കുന്നു.

ഭാവിയില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള ഏറ്റവും വലിയ യുദ്ധങ്ങള്‍ക്ക് കാരണമായേക്കാവുന്നത് ജലമായിരിക്കുമെന്ന പ്രവചനങ്ങള്‍ സാധൂകരിക്കുന്ന മട്ടിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. അതുകൊണ്ടുതന്നെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സിനെ വലിയ തോതില്‍ വഴിതിരിച്ചുവിടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വഷളാക്കാനും സാധ്യതയുണ്ട്.

മുമ്പ് മെക്കോങ് നദിയില്‍ എട്ട് അണക്കെട്ടുകള്‍ നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ വിയറ്റ്‌നാമും തായ്‌ലാന്‍ഡും അടക്കമുള്ള രാജ്യങ്ങള്‍ കനത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ടിബറ്റിലെ എട്ട് പ്രധാനപ്പെട്ട നദികളിലായി 20 ഡാമുകളാണ് ചൈന നിര്‍മിച്ചിട്ടുള്ളത്. മേഖലയിലെ നദികളെ തങ്ങളുടെ വരുതിയിലാക്കാന്‍ മറ്റ് പല രാജ്യങ്ങളും ചൈനയേക്കാള്‍ ശ്രമിക്കുന്നുണ്ടെന്ന വസ്തുതയും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.



ഇന്ത്യയുടെയും പരിസ്ഥിതിസംഘടനകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബ്രഹ്മപുത്രയിലെ പദ്ധതികള്‍ ഡൈന രണ്ടു വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതുവരെയായി 510 മെഗാവാട്ടിന്റെ ഒരു ഹൈഡ്രോവൈദ്യുത അണക്കെട്ട് മാത്രമാണ് ചൈന ബ്രഹ്മപുത്രയുടെ മധ്യത്തിലെ പ്രധാനപ്പെട്ട നീരൊഴുക്കില്‍ നിര്‍മിച്ച് തുടങ്ങിയിരുന്നത്. 2010-ലാണ് ഇതിന്റെ പണികള്‍ ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ള മൂന്ന് അണക്കെട്ടുകളിലൊന്ന് ഇതിനേക്കാള്‍ വലുപ്പമുണ്ട് എന്നത് ആശങ്കയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ദാഗുവില്‍ നിര്‍മിക്കുന്ന ഈ അണക്കെട്ട് 640 മെഗാവാട്ടിന്റേതാണ്. ജിയാച്ചിനില്‍ നിര്‍മിക്കുന്ന രണ്ടാമത്തേത് 320 മെഗാവാട്ടിന്റേതാണ്. മൂന്നാമത്ത പദ്ധതിയുടെ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

ദാഗുവിലെ വലിയ അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് ഏരിയ 1,57,400 സ്‌ക്വയര്‍ കിലോമീറ്റായിരിക്കും. വര്‍ഷത്തില്‍ ശരാശരി സെക്കന്റില്‍ 1010 ക്യൂബിക്ക് മീറ്റര്‍ വെള്ളമായിരിക്കും പുറത്തുവിടുക. 124 മീറ്ററായിരിക്കും ഈ അണക്കെട്ടിന്റെ ഉയരം.

നേരത്തെ സങ്മുവില്‍ 510 മെഗാവാട്ടിന്റെ അണക്കെട്ട് പണിതപ്പോള്‍ തന്നെ ഇന്ത്യ തങ്ങളുടെ ആശങ്ക ചൈനയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ബ്രഹ്മപുത്രയിലെ ജലത്തിലെ ഒഴുക്കിന്റെ ഗതിയെ അണക്കെട്ട് ബാധിക്കില്ലെന്ന് ചൈന ഉറപ്പ് നല്‍കിയിരുന്നു. എങ്കിലും ഈ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വലിയ തോതില്‍ ജലശേഖരം ആവശ്യമാണ്. എന്നാല്‍ ഈ പദ്ധതിയ്ക്ക് വെള്ളം ശേഖരിച്ചു വെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് 2010-ലെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അന്നത്തെ ചൈനീസ് തലവന്‍ വെന്‍ജിയാബോ ഉറപ്പ് തന്നിരുന്നതായി 2011-ല്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.



വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം തടഞ്ഞുവെച്ചിരുന്ന പല പദ്ധതികള്‍ക്കും പിന്നീട് ചൈന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ചൈനയില്‍ ഭരണതലത്തില്‍ പുതിയ നേതൃത്വം വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. അന്നുതന്നെ ചൈനയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം ഇതിനെ എതിര്‍ത്തിരുന്നു. ഇത്തരത്തില്‍ 54 ഹൈഡ്രോ പവര്‍ പ്ലാന്റുകള്‍ക്കാണ് 2011-ല്‍ ചൈന അനുമതി നല്‍കിയത്. ചൈനയില്‍ ഹൈഡ്രോ വൈദ്യുത പദ്ധതികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വലിയൊരു ലോബിയാണ് ഇതിനുപിന്നിലെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ജലത്തിന്റെ തോത് ആയിരം മീറ്ററില്‍ കൂടുതല്‍ ഉയര്‍ത്തുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികള്‍ ഉരുള്‍പൊട്ടല്‍, ഭൂകമ്പം എന്നിവയ്ക്കുള്ള സാധ്യതയേറ്റും. കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്പാദനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികളെന്നാണ് ചൈനയുടെ വിശദീകരണം.

ബ്രഹ്മപുത്രയുമായും അതിന്റെ ഒഴുക്കുമായും ബന്ധപ്പെട്ട ഏത് വിഷയവും വടക്കുകിഴക്കന്‍ മേഖലയില്‍ വന്‍കലാപത്തിനിടയാക്കും എന്നതുകൊണ്ടുതന്നെ ഈ വിഷയം ഇന്ത്യ തന്ത്രപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കാന്‍ സാധ്യതയുള്ള വിഷയമാണിത്.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home